Site icon Malayalam News Live

സംസ്ഥാനത്ത് പകല്‍ ചൂട് വര്‍ധിക്കുന്നു; പലയിടത്തും 35 ഡിഗ്രിക്ക് മുകളില്‍ താപനില; മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങി; മലയോര മേഖലകളില്‍ മഴ തുടരും; ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മാറി വരുന്ന കാലാവസ്ഥ വ്യതിയാനത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍.

ഇപ്പോഴിതാ സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ കേരളത്തില്‍ ഇപ്പോള്‍ പകല്‍ ചൂട് സാധാരണയിലും കൂടുതലെന്നാണ് വിവരങ്ങള്‍.

കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോഴിക്കോട് സിറ്റിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത് സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇപ്പോള്‍ കൂടുതലാണ്.

തൃശൂർ വെള്ളാനിക്കര ഇന്നലെ 2.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തി. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളില്‍ ഇന്നലെ ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ, അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളില്‍ മലയോര മേഖലയില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ നിലവിലെ ചക്രവാതചുഴി ന്യുനമർദ്ദമായി മാറി നവംബർ 12 -13 ഓടെ തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നതോടെ സംസ്ഥാനത്ത് വീണ്ടും മഴ ചെറുതായി സജീവമാകാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version