Site icon Malayalam News Live

ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌1 എൻ1, കോളറ; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം; ഇന്നലെ മാത്രം 13,756 പനി കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ വ്യാപിക്കുന്നു.

24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരിച്ചു.

കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച്‌ 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച്‌ മരിച്ചു. ഇന്നലെ 37 പേർക്ക് എച്ച്‌ 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തില്‍ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.

രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version