Site icon Malayalam News Live

എസ്‌എസ്‌എല്‍സി പരീക്ഷ അവസാനിച്ചു; ഏപ്രില്‍ മൂന്ന് മുതല്‍ മൂല്യനിര്‍ണയം; ഫലം മെയ് രണ്ടാംവാരം

തിരുവനന്തപുരം: മാർച്ച്‌ നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ അവസാനിച്ചു.

3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. 70 ക്യാംപുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തില്‍ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 118 പേരും പരീക്ഷയെഴുതി. മലയാളം മീഡിയത്തില്‍ 1,67,772 വിദ്യാർഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,56,135 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഗള്‍ഫ് മേഖലയില്‍ 536 വിദ്യാർഥികളും ലക്ഷദ്വീപില്‍ 285 വിദ്യാർഥികളും പരീക്ഷയെഴുതി.

ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്‌എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.

ഏറ്റവും കുറവ് വിദ്യാർഥികള്‍ പരീക്ഷ എഴുതിയത് മൂവാറ്റുപുഴ എൻഎസ്‌എസ്‌എച്ച്‌എസ്, തിരുവല്ല ഗവണ്‍മെന്റ് എച്ച്‌എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണല്‍ എച്ച്‌എസ്, എടനാട് എൻഎസ്‌എസ് എച്ച്‌എസ് എന്നീ സ്‌കൂളുകളിലാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതിയത്.

ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രില്‍ 3ന് ആരംഭിക്കും. 77 ക്യാംപുകളിലായി ഇരുപത്തി അയായിരത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണല്‍ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാംപുകളും ഏപ്രില്‍ 3ന് ആരംഭിക്കും. 8 ക്യാംപുകളിലായി 2200 അധ്യാപകർ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാംപുകളുടെ പ്രവർത്തനം. മാർച്ച്‌ 31 ഈസ്റ്റർ ദിനത്തില്‍ മൂല്യനിർണയ ക്യാംപുകള്‍ ഉണ്ടാകില്ല.

Exit mobile version