Site icon Malayalam News Live

കണ്ണീരോർമയായി ശ്രീനന്ദ; മൃതദേഹം കണ്ടെത്തി, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 15കാരിയായ ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടർന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യധാര വ്യൂ പോയിൻ്റിന് താഴ്ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിക്കാനായി.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്.

കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം മറ്റുള്ളവർ വാഹനത്തിനടുത്തേക്ക് പോയപ്പോൾ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറുകയായിരുന്നു. 15 മിനിറ്റിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ സംഘം തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു.

Exit mobile version