Site icon Malayalam News Live

സച്ചിൻ ബേബിക്ക് സെഞ്ചുറി; രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റില്‍ ബിഹാറിനെതിരേ സമനില പിടിച്ച്‌ കേരളം.

പാറ്റ്ന : മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് സച്ചിൻ ബേബിയുടെ സെഞ്ചുറി കരുത്തില്‍ കേരളം 70 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ് നേടിയതിനു പിന്നാലെയാണ് മത്സരം സമനിലയിലായത്.ടൂർണമെന്‍റില്‍ സച്ചിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. കേരളം രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. 109 റണ്‍സെടുത്ത സച്ചിൻ ബേബി പുറത്താകാതെ നിന്നു.

 

അവസാന ദിവസം രണ്ടിന് 62 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സന്ദർശകർക്ക് അക്ഷയ് കൃഷ്ണന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 38 റണ്‍സായിരുന്നു താരത്തിന്‍റെ സമ്ബാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയ വിഷ്ണു വിനോദിന് (ആറ്) തിളങ്ങാനായില്ല. ഇതിനിടെ സച്ചിന്‍ ബേബി സെഞ്ചുറി പൂര്‍ത്തിയാക്കി. 146 പന്തുകള്‍ നേരിട്ട താരം14 ബൗണ്ടറികളും നേടി. 12 റണ്‍സുമായി ശ്രേയസ് ഗോപാല്‍ സച്ചിനൊപ്പം പുറത്താകാതെ നിന്നു.

 

ബിഹാറിനു വേണ്ടി അശുതോഷ് അമൻ രണ്ടുവിക്കറ്റും വിപുല്‍ കൃഷ്ണ, രഘുവേന്ദ്ര പ്രതാപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ കേരളം 227 റണ്‍സില്‍ പുറത്തായിരുന്നു. ഇതിന് മറുപടിയായി ബിഹാർ 377 റണ്‍സെടുത്തു.

മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ബിഹാറിന് മൂന്ന് പോയിന്‍റും കേരളത്തിന് ഒരു പോയിന്‍റും ലഭിച്ചു. നാല് മത്സരങ്ങളില്‍ നിന്നായി കേരളത്തിന് അഞ്ച് പോയിന്‍റുണ്ട്.

 

 

Exit mobile version