Site icon Malayalam News Live

ഗുണ്ടാപ്പിരിവ് നൽകാഞ്ഞതിന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി, സംഭവം തിരുവല്ലയിൽ

പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ആറംഗ സംഘമാണ് സ്പായില്‍ അതിക്രമിച്ച് കയറിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നല്‍കിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങള്‍ തുറന്നുപറയുകായിയുരന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടര്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. മൂന്ന് പ്രതികള്‍ ഒളിവിലാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി തിരുവല്ലയിലെ സ്പായില്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് മരണം സുബിന്‍ എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടറും കൂട്ടാളികളും നിരന്തരം എത്തുമായിരുന്നു. സംഭവ ദിവസവും ഇത്തരത്തില്‍ 50000 രൂപ ആവശ്യപ്പെട്ട് സുബിനും കൂട്ടാളികളും സ്പായില്‍ എത്തി. കൊടുക്കാന്‍ വിസമ്മതിച്ചതോടുകൂടി ഇവര്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചു. തൊട്ടുപിന്നാലെ 25000 രൂപ ബലം പ്രയോഗിച്ച് വാങ്ങി മടങ്ങിപ്പോവുകയായിരുന്നു. സുബിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കാപ്പാ കേസ് പ്രതിയാണ് ഇയാള്‍.

Exit mobile version