Site icon Malayalam News Live

സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു ജനനം. 150ലധികം മലയാള ചലച്ചിത്രങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്. ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്‌ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ്‌പി വെങ്കിടേഷ്.

മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷിന് സംഗീതം പകർന്നുകിട്ടിയത്. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ വെങ്കിടേഷ് മാൻഡലിൻ വായിക്കാൻ പഠിച്ചു. ഗിറ്റാറിലും ബാഞ്ചോയിലും വെങ്കിടേഷ് കഴിവ് തെളിയിച്ചു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്‌പി വെങ്കിടേഷ് ഉണ്ടായിരുന്നു. 1971ല്‍ സംഗീത സംവിധായകന്‍ വിജയ ഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ അദ്ദേഹം തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. രണ്ട് വർഷത്തിന് ശേഷം മലയാളത്തിലേക്കെത്തി. ഇക്കാലയളവിനിടെ ദേവരാജന്‍ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികളടക്കമുള്ളവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു.

1993ല്‍ പൈതൃകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി, ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഗീത പ്രേമികളുടെ ഹൃദയത്തില്‍ മായാതെ കിടക്കുന്ന പാട്ടുകളൊരുക്കിയ എസ്‌പി വെങ്കിടേഷിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണ്.

Exit mobile version