Site icon Malayalam News Live

നീറ്റ് പരീക്ഷയ്ക്കായി നിരന്തര സമ്മർദ്ദം; ഒടുവിൽ പിതാവിനെ കൊലപ്പെടുത്തി മകൻ, സംഭവം ലക്‌നൗവിൽ

നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി നിരന്തരം സമ്മർദ്ദം ചെലുത്തിയ പിതാവിനെ കൊലപ്പെടുത്തി മകൻ. ലക്‌നൗവിലെ ബിസിനസുകാരനായ മൻവേന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 21 വയസുകാരനായ മകൻ അക്ഷതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരുന്ന്, മദ്യ ബിസിനസുകളിൽ ഏർപ്പെട്ടിരുന്നയാളാണ് കൊല്ലപ്പെട്ട മൻവേന്ദ്ര സിങ്. ‘നീറ്റ്’ പരീക്ഷയ്ക്ക് പഠിക്കാൻ ആവശ്യപ്പെട്ട് മൻവേന്ദ്ര സിങ് അക്ഷതിനെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ അക്ഷതിന് നീറ്റ് പഠിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം തർക്കത്തിലേർപ്പെടുന്നതും പതിവായിരുന്നു. ഒരിക്കൽ മൻവേന്ദ്ര സിങുമായുള്ള തർക്കത്തിന് പിന്നാലെ മകൻ വീട് വിട്ടിറങ്ങിയിരുന്നു.

സമാനരീതിയിൽ ഉണ്ടായ ഒരു തർക്കമാണ് അക്ഷത് അച്ഛനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. അക്ഷത് മൻവേന്ദ്ര സിങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ മൃതദേഹഭാഗങ്ങൾ മുറിച്ചെടുത്ത് സധരുണ എന്ന ഭാഗത്ത് നിക്ഷേപിച്ചു. ചില മൃതദേഹ ഭാഗങ്ങൾ വീട്ടിനകത്ത് ഒരു ഡ്രമ്മിൽ സൂക്ഷിച്ചു. കൊലപ്പെടുത്തിയ ശേഷം അച്ഛന്റെ മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവരുന്നത് അക്ഷതിന്റെ സഹോദരി കണ്ടിരുന്നു. എന്നാൽ അക്ഷത് സഹോദരിയെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കുകയായിരുന്നു. അക്ഷതിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹഭാഗങ്ങൾ കണ്ടെത്താനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞു.

Exit mobile version