Site icon Malayalam News Live

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യാമാതാവിനെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിതാവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ; പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം.

ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന തെങ്ങുവിളാകത്ത് വീട്ടിൽ പ്രീതയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രീതയുടെ മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ (40) ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. അനിൽ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റികകൊണ്ട് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

പ്രീതയുടെ ഭർത്താവ് കെഎസ്‌ആർടിസി ജീവനക്കാരൻ ബാബു പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അനിൽ കുമാറിനെതിരെ പോലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു.

Exit mobile version