ക്ലിഫ് ഹൗസിലെ പീഡനത്തിന് സാക്ഷിയായത് അടച്ചിട്ട മുറിയുടെ വാതില്‍ തള്ളിത്തുറന്നു വന്ന പി.സി.ജോര്‍ജ്; പരാതിക്കാരി ഏഴു മാസത്തിനിടെ നല്‍കിയ രണ്ടു മൊഴികളും തമ്മില്‍ വൈരുദ്ധ്യം; സോളാര്‍ പീഡനക്കേസില്‍ സിബിഐയുടെ കണ്ടെത്തലിന് പിന്നിലെ ഘടകങ്ങള്‍ ഇവ

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി ഏഴുമാസത്തിനിടെ മൊഴി മാറ്റിയത് രണ്ടു തവണ.

മൊഴികളിലെ വൈരുദ്ധ്യവും സാക്ഷികളായി പരാതിക്കാരി പറഞ്ഞവരടക്കം നിഷേധിച്ചതും ശാസ്ത്രീയ പരിശോധനാ ഫലങ്ങളുമാണ് സോളാര്‍ കേസിലെ ലൈംഗിക പീഡന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നതില്‍ നിര്‍ണായകമായത്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച്‌ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആദ്യ മൊഴിയില്‍ സംഭവത്തിന് സാക്ഷികളാരുമില്ലെന്നായിരുന്നു പരാതിക്കാരി സിബിഐ സംഘത്തോട് പറഞ്ഞത്.

എന്നാല്‍, പിന്നീട് പി സി ജോര്‍ജ്ജ് പീഡനത്തിന് സാക്ഷിയാണെന്ന് പരാതിക്കാരി മൊഴി നല്‍കുകയായിരുന്നു.

2021 സെപ്റ്റംബറിലാണ് പരാതിക്കാരിയുടെ വിശദമൊഴി സിബിഐയിലെ വനിതാ ഇൻസ്പെക്ടര്‍ മൂന്നു ദിവസങ്ങളിലായി ആദ്യം രേഖപ്പെടുത്തുന്നത്. പിന്നീട് 2022 ഏപ്രിലില്‍ നല്‍കിയ മൊഴിയിലാണ് ഈ സംഭവത്തില്‍ പി.സി.ജോര്‍ജിനെക്കൂടി ദൃക്സാക്ഷിയായി ഉള്‍പ്പെടുത്തിയത്.