Site icon Malayalam News Live

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; ഹൈക്കോടതിയിൽ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ

കൊച്ചി: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ.

 

മൂന്നുവർഷം തുടർച്ചയായി റിട്ടേണ്‍ സമർപ്പിക്കാതെ ഇരുന്നാല്‍ മാത്രമേ സെക്ഷൻ 164( 2) ബാധകമാവുകയുള്ളൂ. നിലവില്‍ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിള്‍ ബെഞ്ച് അയോഗ്യത കല്‍പ്പിച്ചത്. തുടർച്ചയായി റിട്ടേണ്‍ സമർപ്പിച്ചില്ല എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലില്‍ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനില്‍ക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം.

 

കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡിൻ നമ്പറുകള്‍ അപ്പീലർമാർ ഹാജരാക്കിയിരുന്നു. ഡിൻ നല്‍കുന്നതിനായി സംസ്ഥാന സർക്കാർ ഒരു നിയമവും രൂപീകരിച്ചിട്ടില്ല. കൂടാതെ എസ്‌എൻഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന കമ്പനിയാണെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളി നടേശന്റെ വാദം.

 

ദേശീയ ട്രിബ്യൂണലിന് മാത്രമാണ് കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ ആവുകയെന്നും അപ്പീലില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ 9 വർഷമായി വാർഷിക റിട്ടേണ്‍ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി.

Exit mobile version