മുംബൈ: ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ 3 വർഷങ്ങൾക്കു ശേഷം ഭർത്താവ് പിടിയിൽ. ബദലാപുർ ഈസ്റ്റിലെ താമസക്കാരനായ രൂപേഷ് ആണ് അറസ്റ്റിലായത്. രൂപേഷും ഭാര്യ നീരജയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി.
സൃഹൃത്തുക്കളായ ഋതികേഷ് രമേഷ് ചൽകെ, കുനൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്നാണ് രൂപേഷ് നീരജയെ ഒഴിവാക്കാൻ പദ്ധതി തയ്യാറാക്കിയത്. 2022 ജൂലൈയിലാണ് നീരജ മരിച്ചത്.
മൂവരും ചേർന്ന് വിഷപ്പാമ്പിനെ സംഘടിപ്പിക്കുകയും ഇതിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. തുടർന്നാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
സംഭവത്തിൽ രൂപേഷിന്റെ സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
