Site icon Malayalam News Live

ഇന്ത്യയിലെ പെൺക്കുട്ടികളിൽ പുകവലി ശീലം ഉയരുന്നു, പുരുഷന്മാരേയും ആൺക്കുട്ടികളേയും മറികടന്നു, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഡൽഹി: വർഷങ്ങൾ മുന്നോട്ട് പോകുന്തോറും തലമുറകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അത്ര ചെറുതൊന്നുമല്ല. ജീവിത രീതികളിലും കാഴ്‌ചപ്പാടുകളിലും എല്ലാം തന്നെ ഈ മാറ്റങ്ങൾ പ്രകടമാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടായ മാറ്റത്തിന്റെ കണക്കുകൾ കേട്ട് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

സ്‌ത്രീകളും പെൺകുട്ടികളും അധികം എത്തിപ്പെടാത്ത മേഖലയായിരുന്നു പുകവലി. എന്നാൽ, കൗമാരക്കാരായ പെൺകുട്ടികൾ പുകവലിയിൽ അടിമപ്പെടുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്താകമാനമുള്ള പുകയില ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും കൗമാരക്കാരായ പെൺകുട്ടികളുടെ പുകയില ഉപയോഗം രണ്ടിരട്ടി വർദ്ധിച്ചതായാണ് കണക്കുകൾ.

പെൺകുട്ടികളിലെ പുകവലിയുടെ ആധിക്യം സ്ത്രീകളേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് യുവതലമുറ പുകയിലയിൽ കൂടുതലായി ആകർഷിക്കപ്പെടുന്ന പ്രവണതയെ സൂചിപ്പിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 2009 നും 2019നും ഇടയിൽ പെൺകുട്ടികൾക്കിടയിലെ പുകവലി നിരക്ക് 3.8 ശതമാനം ഉയർന്ന് 6.2 ശതമാനത്തിലെത്തി.

ഇതേകാലയളവിൽ ആൺകുട്ടികൾക്കിടയിലെ പുകവലി നിരക്ക് 2.3 ശതമാനമാണ് വർദ്ധിച്ചത്. പ്രായപൂർത്തിയായവർക്കിടയിലെ പുകവലി ഉപയോഗത്തിന്റെ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് പെൺകുട്ടികൾക്കിടയിൽ ഈ പ്രവണത വർദ്ധിക്കുന്നത്.

പുരുഷന്മാരിൽ 2.2 ശതമാനവും സ്ത്രീകളിൽ 0.4 ശതമാനവുമാണ് പുകവലി നിരക്ക് കുറഞ്ഞത്. 2017ൽ മുതിർന്ന സ്ത്രീകളിലെ പുകവലി ഉപയോഗത്തിന്റെ നിരക്ക് 1.5 ശതമാനം ആയിരുന്നപ്പോഴാണ് 2019ൽ കൗമാരക്കാരുടെ നിരക്ക് 6.2 ശതമാനമായി ഉയർന്നത്.

യുവതലമുറ പുകവലി ശീലത്തിലേയ്ക്ക് കൂടുതലായി അടിമപ്പെടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമവാസികളായ പെൺകുട്ടികൾക്കിടയിലാണ് ഈ പ്രവണത കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. പുകവലിക്കെതിരായ മുന്നറിയിപ്പുകൾ 2012 മുതലാണ് സിനിമാ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്.

ഇതിനുശേഷം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും മറ്റും പുകവലിക്കുന്നതായുള്ള ദൃശ്യങ്ങൾ കുറഞ്ഞു. എന്നാൽ ഒടിടി പ്ളാറ്റ്‌ഫോമുകൾ എത്തിയതിനുശേഷം പുകവലിക്കുന്നതായുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത് വീണ്ടും വർദ്ധിച്ചുവെന്ന് പബ്ളിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയിലെ പ്രൊഫസർ മോണിക്ക അറോറ പറയുന്നു.

പുകവലി ഫാഷന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും അടയാളമായി മാറുന്നതിന്റെ മറ്റൊരു കാരണം പുകയില കമ്പനികൾ ഈ മേഖലയിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്തുന്നതാണെന്നും പ്രൊഫസർ പറയുന്നു.

പുകയിലയുടെ ആധുനിക രൂപങ്ങളായ വേപ്പ്, ഇ- സിഗരറ്റുകൾ ഫാഷൻ ഐക്കണുകളായി ചിത്രീകരിക്കപ്പെടുന്നതും കൗമാരക്കാരികളെ പുകവലി ശീലത്തിലേയ്ക്ക് അടുപ്പിക്കുന്നു. ഇ-സിഗരറ്റുകൾ സുരക്ഷിതമാണെന്ന് പ്രചരിപ്പിക്കുന്ന പ്രവണതയുമുണ്ട്. അവ പോർട്ടലുകളിലും ഗ്രേ മാർക്കറ്റുകളിലും എളുപ്പത്തിൽ ലഭ്യമാണ്.

ഉപഭോക്താവിന്റെ പ്രായം പരിശോധിക്കാതെയാണ് ഇവ വിൽക്കുന്നത് എന്നതുകൊണ്ടും കൗമാരക്കാരെ ഈ ഉത്‌പന്നങ്ങളിലേയ്ക്ക് അടുപ്പിക്കുന്നു. നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് ഇവ വിൽക്കുന്നതെന്നും പ്രൊഫസർ വിമർശിച്ചു. കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ, ഹൃദയ രോഗങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. 2019ൽ ജേർണൽ ഒഫ് അമേരിക്കൻ കോളേജ് ഒഫ് കാ‌ർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം പുകവലി ശീലമുള്ള 50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഗുരുതരമായ ഹൃദയാഘാതം വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

ഇതിനുകാരണം ഈസ്‌ട്രൊജൻ ഹോർമോണും സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനം ആകാമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. കൗമാരപ്രായക്കാരായ പെൺകുട്ടികളിലെ പ്രത്യുൽപാദന ആരോഗ്യത്തെയും പുകവലി പ്രതികൂലമായി ബാധിക്കുന്നു. ഇത് ഗർഭധാരണത്തിലെ തടസങ്ങൾ, ഗർഭം അലസൽ എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജനിക്കുന്ന കുഞ്ഞുങ്ങളിൽ വൈകല്യങ്ങൾ ഉണ്ടാവുന്നതിനും ഇത് കാരണമാകും.

Exit mobile version