Site icon Malayalam News Live

നവകേരള യാത്രയ്ക്കിടെ ഗണ്‍മാന്മാ‍ര്‍ മ‍ര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആ‍ര്‍ അജിത് കുമാ‍ര്‍ ശ്രമിച്ചു, ഫയലുകള്‍ തിരുത്തി: എസ്‌ഐടി കണ്ടെത്തല്‍

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാൻ എം ആ‍ർ അജിത് കുമാ‍ർ ശ്രമിച്ചുവെന്ന് എസ്‌ഐടിയുടെ കണ്ടെത്തല്‍.

കേസ് ഡയറി തിരുത്താന്‍ എം ആ‍ർ അജിത് കുമാ‍ർ നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നുമാണ് എസ്‌ഐടിയുടെ റിപ്പോർട്ട്. എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു.

 

പേരൂര്‍ക്കടയിലെ എഡിജിപി ഓഫീസിലേക്ക് ഡിവൈഎസ്പി സുനില്‍ രാജിനെ വിളിച്ച വരുത്തി മർദ്ദന ദൃശ്യങ്ങള്‍ ഇല്ലായെന്ന് മാറ്റി എഴുതാൻ പറഞ്ഞുവെന്നും സാക്ഷികളും മർദ്ദന ദൃശ്യങ്ങളും ഇല്ലാത്ത കൃത്യനിര്‍വഹണത്തിൻ്റെ ഭാഗമായി നടത്തിയ രക്ഷാ പ്രവർത്തനം മാത്രമാണെന്ന് എം ആ‍ർ അജിത് കുമാ‍ർ റിപ്പോർട്ട് തിരുത്തിയെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റിലാണ് റിപ്പോർട്ട് തിരുത്തിയത്. അട്ടിമറിയുടെ തെളിവുകള്‍ സഹിതം പുതിയ അന്വേഷണ റിപ്പോര്‍ട്ട് എസ്‌ഐടി ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി സമര്‍പ്പിക്കും.

മുന്‍ ആലപ്പുഴ എസ്പി നല്‍കിയ റിപ്പോര്‍ട്ടും അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായി പുതിയ അന്വേഷണത്തില്‍ കണ്ടെത്തിരുന്നു. ഗണ്‍മാന്മാരുടെ ആക്രമണം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലയെന്നും ക്രിമിനല്‍ നടപടിയാണെന്നും പ്രവൃത്തി അവമതിപ്പുണ്ടാക്കിയെന്നുമുള്ള മുൻ എസ്പി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ടാണ് എല്‍ഡിഎഫ് സർക്കാർ പൂഴ്ത്തിയത്.

 

സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച്‌ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Exit mobile version