Site icon Malayalam News Live

ശബരിമല സ്വർണക്കൊള്ള; അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് എസ്ഐടി

ശബരിമല സ്വർണക്കവർച്ച കേസിൽ അരങ്ങേറിയത് വിശാലമായ ഗൂഢാലോചനയെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. സ്വർണ്ണക്കവർച്ച സംഘടിത കുറ്റകൃത്യമാണ്. ദ്വാരപാലക ശില്‍പ പാളികള്‍ക്കൊപ്പം മറ്റ് സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ വലിയ പദ്ധതി തയ്യാറാക്കി. വലിയ കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും എസ്‌ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരിയിലെ സ്വർണവ്യാപാരിയായ നാഗ ഗോവർദ്ധനും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

2025 ഒക്ടോബറിൽ മൂന്ന് പ്രതികളും ബെംഗളുരുവിൽ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ കൂടിക്കാഴ്ച. 2019ലെ സ്വർണ്ണക്കവർച്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച കുറ്റകൃത്യം മറയ്ക്കാനായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. പ്രതികളുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് മതിയായ തെളിവുകള്‍ ലഭിച്ചു. സിഡിആർ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. പിടിക്കപ്പെടാതിരിക്കാൻ ബെംഗളൂരുവിൽവെച്ച് വൻ ആസൂത്രണം നടത്തിയെന്നും എസ്‌ഐടി പറയുന്നു.

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയുടെ പരമ്പരയാണ്. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനയുടെ ഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.

Exit mobile version