Site icon Malayalam News Live

യുപിയിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവം; ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് ആവശ്യം

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെത്തുടർന്ന് 5 ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ നിരോധിക്കണമെന്ന് ഗാസിയാബാദ് പോലീസ് ഉത്തർപ്രദേശ് സർക്കാരിനോട് ശുപാർശ ചെയ്തു. പെൺകുട്ടികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഈ ഗെയിമുകളെക്കുറിച്ച് പരാമർശമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി ശുപാർശ അയച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. പെൺകുട്ടികൾ കളിച്ചിരുന്ന അഞ്ച് ഓൺലൈൻ ഗെയിമുകളെക്കുറിച്ച് കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. ഇവ നിരോധിക്കണമെന്ന ശുപാർശ സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ട്, അവർ അത് തുടർനടപടികൾക്കായി കേന്ദ്ര സർക്കാരിന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 4ന് പുലർച്ചെയാണ് 11, 14, 16 വയസുള്ള മൂന്ന് സഹോദരിമാർ ഗാസിയാബാദിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചത്. പെൺകുട്ടികൾ മൊബൈൽ ഫോണിൽ കൊറിയൻ നാടകങ്ങളും, കെ-പോപ്പ് വീഡിയോകളും, ഗെയിമിംഗ് ഉള്ളടക്കങ്ങളും കാണുന്നതിനായി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോപ്പി പ്ലേ ടൈം, ദി ബേബി ഇൻ യെല്ലോ, ഈവിൾ നൺ, ഐസ് ക്രീം മാൻ, ഐസ് ഗെയിം എന്നിവയാണ് ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറഞ്ഞിട്ടുള്ള ഗെയിമിങ് ആപ്പുകൾ‌. പെൺകുട്ടികൾ കഴിഞ്ഞ മൂന്ന് വർഷമായി സ്കൂളിൽ പോയിരുന്നില്ലെന്നും മൊബൈൽ ഫോണിനും ഓൺലൈൻ വിനോദങ്ങൾക്കും അമിതമായി അടിമപ്പെട്ടിരുന്നുവെന്നും പിതാവ് പോലീസിനോട് പറഞ്ഞു. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version