Site icon Malayalam News Live

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥിന്റെ മരണം: പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി; മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാര്‍ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തെ തുടർന്ന് മനംനൊന്താണ് സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു ആരോപണം.

പോസ്റ്റ്‌മോർട്ടത്തിൽ സിദ്ധാർഥിന്റെ ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പന്ത്രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Exit mobile version