തൃശൂർ: പോലീസ് അക്കാദമിയിൽ എസ്എയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂരിലെ രാമവർമപുരം പോലീസ് അക്കാദമിയിലാണ് ട്രെയിനറായ എസ് ഐ ജിമ്മി ജോർജിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പഴയ ആശുപത്രി ബ്ലോക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂർ മാടായിക്കോണം സ്വദേശിയാണ് ജിമ്മി ജോർജ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്.
പലരുടേയും മരണകാരണം മാനസിക സമ്മർദ്ദം ആയിരുന്നു. അഞ്ചു വർഷത്തിനിടെ അമ്പതിലധികം പോലീസുദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്.നിരവധി പേർ ജീവനൊടുക്കാൻ ശ്രമിച്ചു. മേലുദ്യോഗസ്ഥർ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് പീഡിപ്പിച്ചത് സഹിക്കാതെ കളമശേരി എ.ആർ.ക്യാമ്പിലെ സീനിയർ സി.പി.ഒ ജോബി ദാസും, മാളയിലെ സി.പി.ഒ ഷാഫിയും ജീവനൊടുക്കിയിരുന്നു.
ആത്മഹത്യ കൂടിയതിനെത്തുടർന്ന് പോലീസുകാരെ മാനസികമായി ശക്തരാക്കാൻ മുമ്പ് കൗൺസലിംഗും യോഗയും പരീക്ഷിച്ചിരുന്നു. സേനാംഗങ്ങളുടെ മാനസിക, കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകളുൾപ്പെട്ട സമിതിയുമുണ്ടാക്കി.
മാനസിക സംഘർഷമുള്ളവരെ കൗൺസലിംഗിന് അയയ്ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ഉത്തരവിട്ടിരുന്നു. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
അമിത ജോലിഭാരം കാരണം വയനാട്ടിലെ വനിതാ എസ്.എച്ച്. ഒ ഡ്യൂട്ടിക്കിടെ മുങ്ങിയതും മുമ്പ് ചർച്ചയായിരുന്നു. അസി.കമ്മിഷണറുടെ ശകാരം കാരണം നാടുവിട്ട പോലീസുകാരനെ പിന്നീട് കോയമ്പത്തൂരിലാണ് കണ്ടെത്തിയത്. എന്നിട്ടും, കഴിഞ്ഞതെല്ലാം വീണ്ടും ആവർത്തിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.
