ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പലഹാരങ്ങൾ തയ്യാറാക്കുന്ന സ്ഥലത്ത് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. കണ്ടെത്തിയയത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ.
യാത്രക്കാരന് വടയിൽനിന്ന് തവളയെ കിട്ടിയ സംഭവത്തിലാണ് പരിശോധന. ഇവിടെ ഉണ്ടായിരുന്ന രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വടയുണ്ടാക്കുന്ന ഉരുളി കഴുകിയിട്ട് മാസങ്ങളായി എന്ന് കണ്ടലാറിയാം.
തൊഴുത്തും ചെളിക്കെട്ടും കണ്ടത് അടുക്കളയ്ക്ക് തൊട്ടടുത്ത്. തുറന്നുകിടക്കുന്ന വാട്ടർടാങ്കും വൃത്തിഹീനമായ പാത്രങ്ങളും അലക്ഷ്യമായി കിടക്കുന്നു. കരി ഓയിലിന്റെ നിറമുള്ള എണ്ണ, ഇതെല്ലാമാണ് പരിശോധനയിൽ കണ്ടെത്തിയത്.
ദിവസവും ആയിരക്കണക്കിന് വടയുണ്ടാക്കാറുണ്ടെന്ന് കടയുടമ പറഞ്ഞു. അടുക്കളയ്ക്കുസമീപം എലികളും പാറ്റകളും തവളകളും പോകുന്ന വലിയ മടകളുമുണ്ട്. ഇഡ്ഡലിയും പഴംപൊരിയുമെല്ലാം തയ്യാറാക്കുന്ന സ്ഥലങ്ങൾ ഒട്ടുതന്നെ വൃത്തിയില്ലെന്ന് കണ്ടെത്തി.
റെയിൽവേ സ്റ്റേഷന്റെ എതിർവശത്തെ കെട്ടിടത്തിലും തെക്കേറോഡിലെ ക്വാർട്ടേഴ്‌സിനകത്തുമാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. വറുത്തെടുക്കുന്ന എണ്ണ മാറ്റുന്നതേയില്ലെന്നും കുറയുന്നതിനനുസരിച്ച് ഒഴിച്ചുകൊടുക്കുന്നതാണ് രീതിയെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസില്ലായിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസൻസ് അനുവദിച്ചിട്ടുമുണ്ട്. റെയിൽവേ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കുശേഷം ഷെഡ്ഡുണ്ടാക്കാൻ മാത്രമായിരുന്നു നിർദേശമെന്ന് കടയുടമ പറഞ്ഞു.
തൊട്ടടുത്ത സ്ഥാപനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഫ്രിഡ്ജിനുള്ളിൽ പോലും മണ്ണും ചെളിയയുമാണെന്ന് കണ്ടെത്തി. ടൗണിലെ ബാലാജി ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി, മീൻ, ചപ്പാത്തി, കറികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവിടെനിന്നും ഭക്ഷണ സാധനങ്ങൾ റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകാറുണ്ട്.
