Site icon Malayalam News Live

അടവുകൾ മാറ്റി പയറ്റിയ യുഡിഎഫ് വിജയം കണ്ടു, പൊള്ളുന്ന പാലക്കാടിന്റെ മണ്ണിൽ നിന്ന് വടകരയുടെ രാഷ്ട്രീയ ചൂടിലേയ്ക്ക് ഷാഫി എത്തി, സംഘപരിവാർ സ്വാധീനമുള്ള മണ്ഡലത്തില്‍ മൂന്നുതവണ വിജയിച്ച സ്ഥാനാർത്ഥിയെ ഇറക്കിയത് യുഡിഎഫിന്റെ പുതിയ തന്ത്രമോ?

തിരുവനന്തപുരം: ഓരോ തെരെഞ്ഞെടുപ്പിലും വിജയസാധ്യത നോക്കി അടവുകൾ പയറ്റുന്ന യുഡിഎഫ് ഇത്തവണ വമ്പിച്ച വിജയമാണ് നേടിയിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡിൽ വടകര ഷാഫി പറമ്പിൽ കൈപിടിയിലൊതുക്കി. രാഷ്ട്രീയ തന്ത്രങ്ങൾ മാറ്റി പ്രയോ​ഗിച്ചതാണ് ഇവിടെ യുഡിഎഫ് ഇടം നേടിയത്. കെ.കെ. ശൈലജയും ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ തോൽക്കാനും ജയിക്കാനുമുള്ള ഘടകങ്ങൾ പലതായിരുന്നു.

അക്രമ രാഷ്ട്രീയം,ബോംബ് സ്ഫോടനം, സൈബർ ആക്രമണം തുടങ്ങി ആരോപണങ്ങൾ പലതും ഉണ്ടായിട്ടും അതെല്ലാം മറികടന്ന് ഷാഫി പറമ്പിൽ മികച്ച ലീ‍ഡ് സ്വന്തമാക്കി. വീഡിയോ മോർഫിങ്ങ് വരെ ആരോപണങ്ങളിൽ ഉൾപ്പെട്ടപ്പോൾ അതിനെയെല്ലാം സധൈര്യം നേരിട്ട് പാലക്കാടൻ മണ്ണിൽ നിന്നും വടകരയിലെത്തിയ ഷാഫി മിന്നും വിജയം സ്വന്തമാക്കി.

മൂന്നാം സീറ്റ് ലഭിക്കാത്തതിലുള്ള പരിഭവവും സിറ്റിങ് എംപി മത്സരിച്ചാലുണ്ടാവുന്ന ആവേശക്കുറവും മാറ്റിവെച്ച്‌ ലീഗ് ഷാഫിക്കുവേണ്ടി രംഗത്തിറങ്ങുന്ന കാഴ്‌ച്ചയ്ക്കും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തെ മറികടക്കാനും ഷാഫിയുടെ വരവിലൂടെ സാധിച്ചു.ഒടുവില്‍ തന്റെ മോർഫ് ചെയ്ത വീഡിയോ ഇറക്കിയെന്ന് പറഞ്ഞില്ലെന്ന ശൈലജയുടെ അവസാന ‘വിശദീകരണം’ പാർട്ടിയുടെ സൈബർ പോരാളികളെ വരെ പ്രതിരോധത്തിലാക്കി.അർധരാത്രിയില്‍ പോലും ഷാഫിയുടെ സ്വീകരണ പരിപാടിയില്‍ കണ്ട വലിയ ആള്‍ക്കൂട്ടം യു.ഡി.എഫിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

പത്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനം ഇല്ലായിരുന്നുവെങ്കിൽ സാധാരണ രീതിയിൽ മാത്രമായി മാറേണ്ട തെരെഞ്ഞെടുപ്പ് ഷാഫിയുടെ വരവോടെ മാറിമറയുകയായിരുന്നു. ശൈലജ ടീച്ചർക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ ഇറക്കാൻ മടിച്ചപ്പോഴാണ് പാലക്കാടിൽ നിന്നും ഷാഫി പറമ്പിൽ എത്തിയത്. ഇത് വൻ വിജയമായി. 2019-ല്‍ പി. ജയരാജനെ മലർത്തിയടിക്കാൻ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു വട്ടിയൂർക്കാവ് എംഎ‍ല്‍എയായിരുന്ന കെ. മുരളീധരനെ വടകരയില്‍ സ്ഥാനാർത്ഥിയായി എത്തിച്ചത്. ഇതേ അടവ് തന്നെയാണ് ഇത്തവണയും യുഡിഎഫ് പയറ്റിയത്.

ന്യൂനപക്ഷവോട്ടുകള്‍ നിർണായകമായ വടകരയില്‍ ആ വോട്ടുകളില്‍ കണ്ണുവച്ചായിരുന്ന കെ.കെ. ശൈലജയെ സ്ഥാനാർത്ഥിയാക്കിയത്. ദേശീയതലത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പറഞ്ഞായിരുന്നു തുടക്കത്തില്‍ ഷൈലജയുടെ വോട്ടുപിടിത്തവും. സ്ത്രീവോട്ടർമാർക്കിടയില്‍ ശൈലജക്കുള്ള സ്വീകാര്യതയും ഒന്നാം പിണറായി സർക്കാരില്‍ മന്ത്രിയായിരുന്നുകൊണ്ടുള്ള പ്രവർത്തനംകൊണ്ട് നേടിയ മികച്ച പ്രതിച്ഛായയും വോട്ടാകുമെന്ന് എല്‍.ഡി.എഫ്. പ്രതീക്ഷിച്ചു.ഇതിന് ബദലായി ഹൈക്കമാൻഡ് തീരുമാനപ്രകാരം വീണ്ടും ഇവിടെ മത്സരിക്കാൻ കെ മുരളീധരൻ തയ്യാറെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സഹോദരി പത്മജയുടെ കൂറുമാറ്റം.

ഏത് തന്ത്രമാണോ എല്‍.ഡി.എഫ്. വടകരയില്‍ പുറത്തെടുത്തത്, അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു യു.ഡി.എഫ്.ഈ തിരിച്ചടി മറികടക്കാനാണ് താത്പര്യമില്ലാതിരുന്നിട്ടും ഷാഫിയെ വടകരയിലെത്തിച്ചതും ബിജെപിയെ എതിരിടാൻ കെ മുരളീധരനെ തൃശ്ശൂരിലേക്കുയച്ചതും. സാമുദായിക സന്തുലനത്തിന് ശ്രമിക്കുന്ന യു.ഡി.എഫ്. കണ്ണൂരിലോ ആലപ്പുഴയിലോ മുസ്ലിം ന്യൂനപക്ഷത്തില്‍നിന്ന് സ്ഥാനാർത്ഥിയെ ഇറക്കിയേക്കുമെന്ന് പ്രതീക്ഷിച്ച എല്‍.ഡി.എഫിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്ന വടകരയിലെ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വം.

Exit mobile version