Site icon Malayalam News Live

സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുന്നു; കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല; ഞങ്ങളുടെ കുട്ടികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് വി ഡി സതീശന്‍

കണ്ണൂര്‍: സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കാന്‍ ഒത്താശ ചെയ്യുന്ന സി.പി.എം നേതൃത്വം ഏതു കാലത്താണ് ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയാറല്ല. ഞങ്ങളുടെ കുട്ടികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു.

തോട്ടട ഐ.ടി.ഐയില്‍ എസ്.എഫ്.ഐ ക്രിമിനലുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കാമ്പസില്‍ തുടര്‍ച്ചയായി അക്രമമാണെന്ന് ഇന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി എന്നോട് പരാതി പറഞ്ഞ കുട്ടികളാണ് അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്. നാളെ യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ കൊടുക്കാനുള്ള ദിവസമാണ്. അത് കൊടുക്കാതിരിക്കുന്നതിനു വേണ്ടിയാണ് എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണമുണ്ടായത്.

കണ്ണൂരില്‍ സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുകയാണ്. ഐ.ടി.ഐയിലെയും തൊട്ടടുത്ത പോളിടെക്നിക്കിലെയും യൂണിയന്‍ ഓഫീസുകള്‍ ഇടിമുറികളാണ്. അവിടെ കെ.എസ്.യുക്കാരെ മാത്രമല്ല, എസ്.എഫ്.ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തതിന്റെ പേരില്‍ കെ.എസ്.യു അനുഭാവി അല്ലാത്ത കുട്ടിയെ ഇടിമുറിയില്‍ എത്തിച്ച്‌ മര്‍ദ്ദിച്ചു. ഈ സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? അടിയന്തിരമായി ഐ.ടി.ഐയും പോളിടെക്നിക്കും റെയ്ഡ് ചെയ്ത് പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുക്കണം.

Exit mobile version