Site icon Malayalam News Live

എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് വിദ്യാര്‍ത്ഥികളെ നിര്‍ദേശിച്ച നടപടിയ്ക്ക് സ്റ്റേ

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് വിദ്യാര്‍ത്ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ടി ആര്‍ രവിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സെനറ്റിലേയ്ക്ക് ഗവര്‍ണര്‍ നാല് വിദ്യാര്‍ത്ഥികളെയാണ് നാമനിര്‍ദേശം ചെയ്തത്. യോഗ്യതയുള്ളവരെ അവഗണിച്ചാണ് ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്തതെന്നാണ് ആരോപണം.

സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെയാണ് ഗവര്‍ണര്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.
കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ പാനല്‍ നിരസിച്ച്‌ സ്വന്തം നിലയില്‍ അംഗങ്ങളെ നിയോഗിച്ചത് ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ പ്രതിഷേധത്തിന് കാരണമായിരുന്നു.

തിരുവനന്തപുരത്ത് മൂന്നിടത്തായി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുകയും ചെയ്തു.

Exit mobile version