Site icon Malayalam News Live

ഭർത്താവ് വഴിതെറ്റിപോകുമെന്ന് ഭയക്കണ്ട; പുരുഷന്മാർ ഭാര്യമാരെ ഉപേക്ഷിച്ച്‌ മറ്റു സ്ത്രീകളെ തേടി പോകുന്നത് തടയാനായി സ്ത്രീകൾക്കായി സെക്‌സ് അപ്പീല്‍ പരിശീലന ക്യാമ്പ്

ഷെജിയാങ്: ഭർത്താക്കന്മാർ വഴിതെറ്റുന്നത് തടയാൻ സെക്‌സ് അപ്പീല്‍ പരിശീലന ക്യാമ്പ്. പുരുഷന്മാർ ഭാര്യമാരെ ഉപേക്ഷിച്ച്‌ മറ്റു സ്ത്രീകളെ തേടി പോകുകയും, മധ്യവയസ്കരായ ദമ്പതികള്‍ക്കിടയില്‍ വേർപിരിയലുകള്‍ വ്യാപകമാവുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഒരു ചൈനീസ് അക്കാദമിയാണ് പുതിയ പദ്ധതി തുടങ്ങിവെച്ചിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌ മധ്യവയസ്കരായ സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. പുരുഷന്മാർ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാർഗങ്ങള്‍ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അക്കാദമി വക്താക്കള്‍ പറയുന്നത്.

ജൂലൈയില്‍, ഷെജിയാങ് പ്രവിശ്യയിലെ കിഴക്കൻ നഗരമായ ഹാങ്‌ഷൗവില്‍ ആണ് പരീക്ഷണാർത്ഥത്തില്‍ നടത്തിയ അക്കാദമിയുടെ ആദ്യ ക്യാമ്പ് നടന്നത്. നിരവധി സ്ത്രീകളാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത്. 420 യുഎസ് ഡോളറാണ് (ഇന്ത്യൻ രൂപ ഏകദേശം 35,230) ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്. ‌

സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സുവർണാവസരം എന്ന പരസ്യ വാചകത്തോടെയാണ് അക്കാദമി ക്യാമ്പിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്. ലൈംഗികത കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള ഒരു മാർഗം മാത്രമല്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും പരസ്യത്തിന്റെ പോസ്റ്ററില്‍ പറയുന്നുണ്ട്.

ആദ്യ ദിവസത്തെ, ക്ലാസില്‍ “സ്നേഹത്തിൻ്റെ സാരാംശം” എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും ഓർഗാസം കൈവരിക്കുന്നതിനുള്ള വിദ്യകളുമാണ് പഠിക്കുന്നത്. രണ്ടാം ദിവസത്തില്‍ പങ്കാളിയുമായി എങ്ങനെ പ്രണയ നിമിഷങ്ങള്‍ പങ്കിടാമെന്നും ചുംബനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസുകള്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വ്യക്തമാക്കുന്നു.

കൂടാതെ ക്യാമ്പില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും 35നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണെന്ന് ഓണ്‍ലൈൻ സോഴ്സുകള്‍ വെളിപ്പെടുത്തുന്നു. സെക്‌സ് അപ്പീല്‍ അക്കാദമി എന്നറിയപ്പെടുന്ന കമ്പനിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Exit mobile version