Site icon Malayalam News Live

‘സുഭിക്ഷ’യിലൂടെ സുഭിക്ഷമായ ഭക്ഷണം; രണ്ട് ഒഴിച്ചുകറിയും തോരനും ഉൾപ്പെടെ മൂന്ന് തൊടുക്കറി; ബീഫ് ഫ്രൈ, ബോട്ടി, മീൻകറി, മീൻവറ്റിച്ചത്, മീൻപൊരിച്ചത്, കക്കയിറച്ചി തുടങ്ങി സ്പെഷ്യൽ ഐറ്റംസ് വേറെ, ആലപ്പുഴയിലെ വീട്ടമ്മ രുചിയും സ്നേഹവും ചേർത്ത് ഭക്ഷണം വിളമ്പുന്നത് വെറും 20 രൂപക്ക്

ആലപ്പുഴ: ഏത് സാധാരണക്കാരനും ആശ്വാസമാകുന്ന വിലയിൽ രുചികരമായ ഭക്ഷണം നൽകുകയാണ് വീട്ടമ്മ.

പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വലിയകുളങ്ങര വീട്ടിൽ താമസിക്കുന്ന പ്രസന്നയാണ് രുചിയും സ്നേഹവും ചേർത്ത് ഭക്ഷണം വിളമ്പുന്നത്. രണ്ട് ഒഴിച്ചുകറിയും തോരനും ഉൾപ്പെടെ മൂന്ന് തൊടുക്കറിയുള്ള ഊണിന് വെറും 20 രൂപയാണ് ഈടാക്കുന്നത്.

ഊണിനേക്കാൾ പ്രിയം ഹോട്ടലിലെ സ്പെഷ്യൽ ഐറ്റങ്ങൾക്കാണ്. ബീഫ് ഫ്രൈ, ബോട്ടി, മീൻകറി, മീൻവറ്റിച്ചത്, മീൻപൊരിച്ചത്, കക്കയിറച്ചി, ചെമ്മീൻ ഫ്രൈ തുടങ്ങിയ വിഭവങ്ങൾ ഏതും 30 രൂപയ്ക്ക് ലഭിക്കും.

ഉച്ചയൂണ് മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു ദിവസം 400 ഊണുവരെ ഇവിടെ വിൽക്കുന്നുണ്ട്. ഓർഡർ അനുസരിച്ച് പൊതികളാക്കിയും നൽകാറുണ്ട്. ‘സുഭിക്ഷ’ പദ്ധതിയിലൂടെ മിതമായ നിരക്കിൽ അന്നം വിളമ്പി വീട്ടമ്മ.

മൂന്ന് സ്ത്രീകളാണ് ഹോട്ടലിൽ ജോലിചെയ്യുന്നത്. ഊണിന് സർക്കാർ സബ്സിഡിയായി അഞ്ച് രൂപ ലഭിക്കും. ഭർത്താവ് ജയൻ അസുഖ ബാധിതനായതോടെയാണ് പ്രസന്ന ഈ ഹോട്ടൽ തുടങ്ങിയത്.

അന്ന് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളുമായി ഏകയായിരുന്ന പ്രസന്ന. പിന്നീട് പാചകക്കാരിയായും ഹോട്ടലുകളിൽ സഹായിയായും ജോലി ചെയ്തു. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു ദുരിതമായതോടെയാണ് പ്രസന്ന വീട്ടിൽ ഊണുമായി പുതിയ പദ്ധതി തുടങ്ങിയത്.

Exit mobile version