Site icon Malayalam News Live

രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് സ്വന്തമാക്കി; സീരിയല്‍ നടി മായാ സുകുവിനും ഭർത്താവിനുമെതിരെ കേസ്; കച്ചവടത്തിന് കൂട്ടുനിന്ന ആശാവര്‍ക്കർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെയായിട്ടും ഒരു കുഞ്ഞിനെ ലഭിക്കാത്ത ദമ്പതിമാർ നിരവധിയാണ്. അങ്ങനെയുള്ളവര്‍ക്കെല്ലാം മറ്റൊരു കുഞ്ഞിനെ കാണുമ്പോൾ സ്നേഹവും അടുപ്പവും ഒക്കെയുണ്ടാകും. എന്നാല്‍, ജനിച്ച്‌ ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ വിലയ്ക്ക് വാങ്ങി സ്വന്തമാക്കുകയെന്നത് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.

അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സീ കേരളത്തിലെ മിസ്സിസ് ഹിറ്റലര്‍, സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാതാവ്, മഴവില്‍ മനോരമയിലെ കല്യാണി, ഏഷ്യാനെറ്റിലെ ചന്ദന മഴ തുടങ്ങിയ സീരിയലുകളില്‍ സാന്നിധ്യമായിരുന്ന സീരിയല്‍ നടി മായാ സുകുവും ഭര്‍ത്താവ് സുകുവുമാണ് ആ ക്രൂരത ചെയ്തത്.

വയനാട്ടില്‍ നിന്നുമാണ് രണ്ടു മാസം മാത്രം പ്രായമായ ഒരാണ്‍കുഞ്ഞിനെ 10,000 രൂപയ്ക്ക് വാങ്ങിക്കൊണ്ട് വന്ന് തിരുവനന്തപുരത്ത് സ്വന്തം കുഞ്ഞാണെന്നു പറഞ്ഞുകൊണ്ടു വളര്‍ത്താന്‍ ആരംഭിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു സംഭവം. വയനാട് വൈത്തിരിയില്‍ നിന്നുള്ള യുവതിയും അവരുടെ അമ്മയുമാണ് രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന ആണ്‍കുഞ്ഞിനെ മായാ സുകുവിനും ഭര്‍ത്താവിനും വിറ്റത്.

പ്രദേശത്തെ ആശാവര്‍ക്കറായ ഉഷ എന്ന സീമയും ഈ കച്ചവടത്തിന് കൂട്ടുനിന്നു. 10,000 രൂപയ്ക്കായിരുന്നു ഇവര്‍ തമ്മിലുള്ള ഇടപാട്. എല്ലാം കഴിഞ്ഞ് ഓഗസ്റ്റ് 11നാണ് ഇവര്‍ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന സൂചന നാട്ടുകാരില്‍ നിന്നും യുവതിയുടെ അയല്‍വാസികളില്‍ നിന്നും പരാതി ലഭിച്ചതോടെ പോലീസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് കുട്ടിയേയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കുഞ്ഞിനെ ഇപ്പോള്‍ സിഡബ്ല്യുസി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന്, ആശാവര്‍ക്കര്‍ ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

ആശാവര്‍ക്കര്‍ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച ദമ്പതികളായ മായ സുകു, സുകു എന്നിവര്‍ക്കെതിരെ വൈത്തിരി പോലീസ് കേസെടുക്കുകയും ചെയ്തു.

 

Exit mobile version