Site icon Malayalam News Live

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നൽകും; മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് കൊണ്ടുപോകും; തുടർന്ന് പൊതുദർശനം; വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എംയിസിന് കൈമാറും

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടർന്ന് പൊതുദർശനം നടക്കും.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികൾ ആർപ്പിക്കും. ഏകെജി സെൻ്ററിൽ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി പതിനാല് അശോക് റോഡ് വരെ കൊണ്ടുപോകും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എംയിസിന് കൈമാറും.ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം.

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സർവേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡൻറായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാനായില്ല. അടിയന്തിരാവസ്ഥ കാലത്ത് 1975-ൽ അദ്ദേഹം അറസ്റ്റിലായി.

1978-ൽ എസ്എഫ്ഐയുടെ ദേശീയ ജോയിൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ൽ എസ്എഫ്ഐ ദേശീയ പ്രസിഡൻറായി. 1984-ൽ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ൽ മദ്രാസിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായി.

Exit mobile version