Site icon Malayalam News Live

കോട്ടയം – കുമരകം റോഡിൽ ആമ്പക്കുഴി ജംക്‌ഷനിൽ നിന്ന് മോഷണം പോയ സ്കൂട്ടർ തിരുവനന്തപുരത്ത് നിന്നു കണ്ടെത്തി; മോഷണം നടത്താൻ പോകുന്നതിനാണ് സ്കൂട്ടർ മോഷ്ടിച്ചതെന്ന് പ്രാഥമിക നി​ഗമനം

കുമരകം: കോട്ടയം – കുമരകം റോഡിൽ ആമ്പക്കുഴി ജംക്‌ഷനിൽ കഴിഞ്ഞ 7നു രാത്രി മോഷണം പോയ സ്കൂട്ടർ ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നു പൊലീസ് കണ്ടെത്തി. സ്കൂട്ടർ മോഷണം നടന്നത് കണ്ണു ചിമ്മി തുറന്ന നേരം കൊണ്ടായിരുന്നു.

സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പോകാനൊരുങ്ങിയ ഉടമ ചാണ്ടി മണലേൽ താക്കോൽ സ്കൂട്ടറിൽ തന്നെ ഇട്ട ശേഷം, സ്വന്തം കടയിൽ വച്ചു മറന്ന സാധനം എടുക്കാൻ പോയ തക്കം നോക്കി സ്കൂട്ടറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. കട അടച്ചു വീട്ടിലേക്കു പോകാനൊരുങ്ങുകയായിരുന്നു ചാണ്ടി.

മോഷണം നടത്താൻ പോകുന്നതിനാണു സ്കൂട്ടർ മോഷ്ടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സ്കൂട്ടർ കണ്ടെത്തിയപ്പോൾ സീറ്റിനടിയിൽ ഏതോ ദേവാലയത്തിലെ കാണിക്ക ഉണ്ടായിരുന്നു. ആമ്പക്കുഴിയിൽ മോഷണം നടന്ന ദിവസം സിസിടിവി പരിശോധിച്ചപ്പോൾ ഇല്ലിക്കൽ ഭാഗത്തു കൂടി സ്കൂട്ടറുമായി പോകുന്നതു കണ്ടെത്തിയിരുന്നു.

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണു സ്കൂട്ടർ തിരുവനന്തപുരത്ത് നിന്നു കണ്ടെത്തുന്നത്. ഏതാനും മാസം മുൻപാണു ചാണ്ടി പുതിയ സ്കൂട്ടർ വാങ്ങിയത്.

Exit mobile version