Site icon Malayalam News Live

മുൻവശം പൊട്ടിച്ച് സ്റ്റാർട്ടാക്കും; നമ്പർ പ്ലേറ്റ് മാറ്റും; പ്രെട്രോള്‍ തീരുമ്പോള്‍ മറ്റു വാഹനത്തിൽ നിന്നും ഊറ്റും; കറങ്ങി നടന്ന് സ്കൂട്ടർ മോഷണം നടത്തുന്ന അഞ്ചം​ഗ സംഘം അറസ്റ്റിൽ; പിടിയിലായവരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടർ മോഷണ സംഘത്തെ കൻോൺമെന്റ് പോലീസ് പിടികൂടി. അഞ്ചു പേരടങ്ങുന്ന സംഘത്തിൽ നാല് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളാണ് പ്രതികളെ പിടികൂടിയപ്പോള്‍ തെളിഞ്ഞത്.

പാളയം സാഫല്യം കോംപ്ലക്സിന് സമീപം വച്ചിരുന്ന ഒരു സ്കൂട്ടർ മോഷണം പോയ അന്വേഷണത്തിലാണ് മോഷണ സംഘത്തെ പിടികൂടിയത്. മുമ്പും മോഷണക്കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ഒരു മോഷ്ടാവിലേക്കാണ് അന്വേഷണം ചെന്നെത്തിയത്.

പ്രതികള്‍ക്ക് വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് കോട്ടയത്തുനിന്നും മോഷ്ടിച്ച ഒരു ബൈക്കുമായി രണ്ടു പേർ പിടിയിലാകുന്നത്. കന്റോൺമെന്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരെയും പിടികൂടി. വഴയില സ്വദേശി ആബേലിന് മാത്രമാണ് പ്രായപൂർത്തിയായത്.

സ്കൂട്ടറിന്റെ മുൻവശം പൊട്ടിച്ചാണ് സ്റ്റാർട്ടാക്കുന്നത്. നമ്പർ പ്ലേറ്റ് മാറ്റും. പ്രെട്രോള്‍ തീരുമ്പോള്‍ പാർക്ക് ചെയ്തിരിക്കുന്ന മറ്റെതെങ്കിലും വാഹനത്തിൽ നിന്നും പെട്രോള്‍ ഊറ്റും. അങ്ങനെ കറങ്ങി നടന്ന് മോഷണം നടത്തും. മോഷണ സ്കൂട്ടർ പല സ്ഥലങ്ങളിൽ വിൽക്കും. പ്രതികളിൽ ചിലർക്ക് ലഹരി ഉപയോഗവുമുണ്ട്.

പാളയം, പേരൂർക്കട, കിഴക്കേകോട്ട തുടങ്ങി നിരവധി സ്ഥലങ്ങളിൽ പാർക്കിംഗ് ഏരിയയിൽ നിന്നുള്ള മോഷണം തെളിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാള്‍ക്ക് ഇതോടെ അഞ്ച് കേസുകളായി. ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകുമെന്ന് പോലീസ് പറഞ്ഞു. കന്റോൺമെന്റ് എസ്ഐ ജിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷണ മുതലുകള്‍ കണ്ടെത്താനായി പ്രതികളെ കസ്റ്റഡി വാങ്ങുമെന്ന് എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.

 

Exit mobile version