Site icon Malayalam News Live

ബസ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടു; അപകടത്തിന് പിന്നാലെ ബസില്‍ നിന്നും ഇറങ്ങിയോടി ഡ്രൈവര്‍; കോട്ടയം – എറണാകുളം റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം

കടുത്തുരുത്തി: സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടതിന് പിന്നാലെ ബസ് റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിട്ട് ഡ്രൈവര്‍ ഇറങ്ങി ഓടി.

ഇതേ തുടര്‍ന്ന് കോട്ടയം – എറണാകുളം റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. വളരെ തിരക്കുള്ള കടുത്തുരുത്തി മാര്‍ക്കറ്റ് ജംക്ഷനിലാണ് സംഭവം.

ഇന്നലെ വൈകിട്ട് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഇബിഎസ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. അപകടം ഉണ്ടായ ഉടനെ ബസ് റോഡില്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് മണിക്കൂറുകളോളം ടൗണില്‍ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. സ്‌കൂട്ടര്‍ യാത്രികനെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളരെ തിരക്കുള്ള സമയമായതിനാല്‍ സെൻട്രല്‍ ജംക്ഷൻ കടന്നും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായി. പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു. ബസിലെ യാത്രക്കാര്‍ പിന്നീട് മറ്റൊരു ബസില്‍ കയറി പോകുകയായിന്നു.

Exit mobile version