Site icon Malayalam News Live

5 വർഷമായി ഉഷയുടെ വയറ്റിൽ കത്രിക; നടന്നത് ഗുരുതര പിഴവ്, കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും

ആലപ്പുഴ പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം ഇന്നലെ രാത്രിയോടെയാണ് പുറത്തുവന്നത്. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷമായി കത്രികയുള്ള നിലയിൽ കണ്ടെത്തിയത്. 2021ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ കുടുങ്ങിയ കത്രികയാണ് ഇത് എന്നാണ് പരാതി. നിലവിൽ വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക.

2021ൽ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടർച്ചയായി വേദന അനുഭവപ്പെട്ടിരുന്നു, എന്നാൽ ഇക്കാര്യം ആശുപത്രിയിൽ പറഞ്ഞപ്പോൾ അവർ അത് കാര്യമാക്കിയില്ല. പിന്നാലെ ബ്ലീഡിങിനെതുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് ഉഷയ്ക്ക് എക്സ്റേയും സ്കാനും നിർദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

 

Exit mobile version