Site icon Malayalam News Live

100 പോര, 500 മീറ്റര്‍ വേണം; സ്കൂള്‍ പരിസരത്തെ പുകയില നിരോധന മേഖലയുടെ കാര്യത്തില്‍ സുപ്രധാന മാറ്റം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം

കോഴിക്കോട്: സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തില്‍ സർക്കാരിന്റെ നയപരമായ നിലപാട് വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കി.

ഒരു മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണം. വെസ്റ്റ് ഹില്‍ റസ്റ്റ് ഹൗസില്‍ ജൂണില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

100 മീറ്റർ എന്നത് കുറഞ്ഞ ദൂരമായതിനാല്‍ വിദ്യാർത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ എളുപ്പത്തില്‍ ലഭിക്കാൻ സാധ്യതയുണ്ടെന്ന പരാതിയിലാണ് നടപടി.

ഭാവിതലമുറയെ പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും വിപത്തുകളില്‍ നിന്നും രക്ഷിക്കുന്നതിന് നിലവിലെ നിയമങ്ങളില്‍ അടിയന്തര ഭേദഗതി ആവശ്യമാണെന്ന് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയില്‍ പറഞ്ഞു.

Exit mobile version