Site icon Malayalam News Live

സ്കൂള്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച യുവതിക്ക് കഠിന തടവും പിഴയും.

കാട്ടാക്കട : കാട്ടാക്കട അരുവിക്കുഴി മുരിക്കര കൃപാലയത്തില്‍ സന്ധ്യയെയാണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ 13 വർഷം കഠിനതടവിനും 50,000രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ 10 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

2016 ഒക്ടോബർ 28നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ കൂട്ടുകാരികളോടൊപ്പം ഓട്ടോയില്‍ കയറ്റി കാട്ടാക്കടയ്ക്ക് സമീപമുള്ള അരുവിക്കുഴിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ശേഷം കൂട്ടുകാരികളെ പുറത്താക്കി അതിജീവിതയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയായിരുന്നു. ഇതുകണ്ട കൂട്ടുകാരികള്‍ ബഹളം വച്ച്‌ നാട്ടുകാരെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കാട്ടാക്കട സബ് ഇൻസ്പെക്ടറായിരുന്ന ഡി.ബിജുകുമാർ, ഡി.വൈ.എസ്.പി കെ.അനില്‍കുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 25 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.

 

 

Exit mobile version