Site icon Malayalam News Live

63-ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും; പതിനയ്യായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു തലസ്ഥാനത്ത് തിരിതെളിയും.
പതിനയ്യായിരത്തോളം കുട്ടികള്‍ അഞ്ചു ദിവസങ്ങളിലായി 25 വേദികളിലാണ് മത്സരിക്കുന്നത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നു രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തും.

ഒന്നാം വേദിയായ ‘എംടി നിള’യില്‍ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. തുടര്‍ന്ന് കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം. വയനാട് വെള്ളാര്‍മല ജിഎച്ച്‌എസ്‌എസിലെ കുട്ടികള്‍ അതിജീവന നൃത്തശില്‍പവും അവതരിപ്പിക്കും.

8ന് വൈകിട്ട് 5ന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ടോവിനോ തോമസ് പങ്കെടുക്കും.ഗോത്ര നൃത്തരൂപങ്ങള്‍ മത്സരവേദിയിലെത്തുന്ന ആദ്യസംസ്ഥാന കലോത്സവമാണ് ഇത്തവണത്തേത്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണ വൊളന്റിയേഴ്സ് ആയി എത്തുന്ന കുട്ടികള്‍ക്കു മന്ത്രി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നല്‍കും. കലോത്സവത്തിന്റെ പാചകപ്പുര ഇന്നലെ രാവിലെ മുതല്‍ പുത്തരിക്കണ്ടം മൈതാനിയില്‍ സജീവമായി.

പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 100 പേരുടെ സംഘമാണു പാചകത്തിനുള്ളത്. ഒരേസമയം 4000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്.

Exit mobile version