Site icon Malayalam News Live

ഹോട്ടലുകള്‍ മാത്രമല്ല ഇനി സ്കൂളുകളും ഫൈവ് സ്റ്റാര്‍; പദവി ലഭിക്കുക റിപ്പബ്ലിക്ക് ദിനത്തില്‍; മാർഗ്ഗരേഖ പുറത്തിറക്കി

കണ്ണൂർ: ഹരിത ശുചിത്വ പ്രവർത്തനം പരിഗണിച്ച്‌ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നക്ഷത്രപദവി നല്‍കുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി.

സുസ്ഥിര ഹരിത ശുചിത്വ പ്രവർത്തനത്തിന് മുൻഗണന നല്‍കി ഫൈവ് സ്റ്റാർ പദവികള്‍ വരെയാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നത്. പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് നക്ഷത്രപദവി നല്‍കുന്നത്.

നവംബർ ഒന്നിനും ഡിസംബർ 31നും രണ്ട് ഘട്ടങ്ങളില്‍ ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളില്‍ നിന്നും നക്ഷത്ര പദവിക്കർഹമായവയെ തിരഞ്ഞെടുക്കും. ജില്ലയില്‍ സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി 1629 വിദ്യാലയങ്ങളാണ് ഉള്ളത്.

ഇത്രയും വിദ്യാലയങ്ങള്‍ 2025 ഡിസംബർ 31നകം ഹരിത വിദ്യാലയങ്ങളായി മാറ്റും. ഇതിനായുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ അദ്ധ്യാപക രക്ഷാകർതൃ സമിതികളുടെ സഹായത്തോടെ സംഘടിപ്പിക്കുന്നത്.

വിദ്യാലയങ്ങള്‍ തയ്യാറാക്കുന്ന സ്വയം വിലയിരുത്തല്‍ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നക്ഷത്ര പദവി നല്‍കുന്നത്.

Exit mobile version