Site icon Malayalam News Live

ലഹരിക്കെതിരായ പോരാട്ടം; സ്കൂളുകളില്‍ ‘എക്സൈസ് സ്റ്റാൻഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍’ ശക്തമാക്കും; തീരുമാനവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളിന് അകത്തും പുറത്തും ലഹരി വില്‍പ്പന രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ തടയാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ശക്തമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ഹൈക്കോടതി നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പാക്കുമെന്ന് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലെ തീരുമാനങ്ങളിലെ കലണ്ടർ പ്രകാരമുള്ള എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കും. ലഹരി സംബന്ധമായി പരാതികള്‍ എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സ്കൂളുകളിലെ ജന ജാഗ്രത സമിതികള്‍ക്ക് വാട്സ്‌ആപ്പ് നമ്പർ നല്‍കിയിട്ടുണ്ട്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജോയിന്റ് ആക്ഷൻ പ്ലാൻ ആണ് തയ്യാറാക്കിയിരിക്കുന്നത്. ആക്ഷൻ പ്ലാനിന്റെ ഭാഗമായി വിദ്യാർഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികള്‍ സ്കൂളിന് അകത്തും പുറത്തുമായി നടത്തും.

സ്കൂളുകളുടെ സമീപപ്രദേശങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്പന തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി കൃത്യമായ പരിശോധനകള്‍ സമീപപ്രദേശങ്ങളിലെ കടകളില്‍ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Exit mobile version