Site icon Malayalam News Live

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയില്‍ ഹൃദയാഘാതം; കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവില്‍ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമീദ് (ഷാമോൻ – 50) ആണ് റിയാദിന് സമീപമുള്ള അല്‍ഖർജ് മേഖലയിലെ ദിലത്തില്‍ നിര്യാതനായത്.

ഉറക്കത്തിനിടയില്‍ അസ്വസ്ഥത ശ്രദ്ധയില്‍പെട്ട ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചോറ്റി പുതുപ്പറമ്പില്‍ മുഹമ്മദ് – നസീമ ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഷാഹുല്‍ ഹമീദ്, കോവിഡ് കാലത്തായിരുന്നു പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഒരു വർഷം മുമ്പ് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ തിരിച്ചെത്തുകയും പച്ചക്കറി വിപണന മേഖലയില്‍ ജോലി ചെയ്തുവരികയുമായിരുന്നു.

ഭാര്യ: റമീസ ഷാഹുല്‍ (ഫൗസി), മക്കള്‍: യഹ്‌യ ഫാബി, ഫഹദ്. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ റിയാദിലുള്ള ബന്ധുവും സാമൂഹിക പ്രവർത്തകനുമായ ഷാജി മഠത്തിലിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Exit mobile version