Site icon Malayalam News Live

കാണാതായ ശരണ്യക്ക് വേണ്ടി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു

നാല് ദിവസം മുൻപ് കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനിയും കൊച്ചിയില്‍ ഐടി കമ്പനി ജീവനക്കാരിയുമായ ജിഎസ് ശരണ്യക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരണ്യയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു. അതേസമയം ശരണ്യയുടെ വീട്ടുകാരുമായി സംസാരിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരുമായും സംസാരിച്ചു. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടന്നുവരികയാണ്. കര്‍ണാടക സര്‍ക്കാര്‍ നൂറംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. എങ്ങനെയും ശരണ്യയെ കണ്ടെത്താനാണ് ശ്രമമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നേരത്തേ ശരണ്യയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായും കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. മൂന്ന് ദിവസമായി വ്യാപക പരിശോധന നടത്തിവരികയാണ്. എന്നാല്‍ ശരണ്യയെ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Exit mobile version