Site icon Malayalam News Live

നഗ്നപൂജയിലുടെ വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

 

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു.

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു സന്തോഷ് മാധവൻ.

ഏറെ കുപ്രസിദ്ധനായ ആള്‍ ദൈവമായിരുന്നു സന്തോഷ് മാധവൻ.ശാന്തിതീരം എന്ന സന്തോഷിന്റെ ആശ്രമം വിവാദങ്ങളുടെ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. സിനിമായ താ‌രങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരുമായി സന്തോഷ് മാധവന് ബന്ധമുണ്ടെന്ന തരത്തില്‍ വാർത്തകളും ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍ പത്താംക്ലാസ് തോറ്റതോടെ വീടുവിട്ടിറങ്ങി. തുടര്‍ന്ന് പല ജോലികള്‍ ചെയ്തുജീവിച്ചു. അതിനുശേഷമാണ് ആള്‍ദൈവമായി സ്വയം പ്രഖ്യാപിച്ചത്. ഇതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലായി വളർച്ച. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയായി. ശിഷ്യരും വിശ്വാസികളും ദർശനത്തിനായി ക്യൂ നിന്നു.

തൂവെള്ള വേഷവും നീട്ടി വളർത്തിയ താടിയും മുടിയും തലയെടുപ്പുള്ള രൂപവും ആരെയും മയക്കാൻ പോന്നതായിരുന്നു. താൻ സ്വാമിയല്ലെന്നും ആത്മീയ ചൈതന്യമുള്ള വ്യക്തിയാണെന്നുമായിരുന്നു സന്തോഷ് മാധവൻ എല്ലാവരോടും പറഞ്ഞിരുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള വിവിഐപികളുടെ നിരന്തര സന്ദർശനം കൂടിയായപ്പോള്‍ പ്രശസ്തി വളരെപ്പെട്ടെന്നായി.

പക്ഷേ, 2008ല്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു. സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും ഒന്നൊന്നായി പുറത്തുവന്നു. ഇന്റർപോള്‍ തിരയുന്നവരുടെ പട്ടികയില്‍ അമൃത ചൈതന്യ എന്നപേരില്‍ പടം വന്നതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച്‌ വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. ഈ കേസില്‍ അറസ്റ്റിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈംഗിക പീഡനമടക്കം വെളിച്ചുവന്നത്. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. ഇതെല്ലാം സന്തോഷ് മാധവനെതിരായ കേസില്‍ നിർണായക തെളിവുകളാവുകയായിരുന്നു.

ജയിലായശേഷവും വിവാദങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വി ഐ പി പരിഗണന ലഭിക്കുന്നു എന്ന ആരോപണം ഏറെ ചർച്ചയായിരുന്നു. .ജയിലില്‍ നിരന്തരം പൂജകള്‍ ചെയ്യുന്നതായും ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പൂജയ്ക്കായി സഹായങ്ങള്‍ ചെയ്യുന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഡോക്ടറുടെ സഹായി എന്ന ജയിലിലെ ജോലി ഉപയോഗിച്ച്‌ പലര്‍ക്കും ഇയാള്‍ ചികിത്സ നിഷേധിച്ചിരുന്നതായും ശിക്ഷയിലിരുന്നുകൊണ്ടുതന്നെ ഭൂമി ഇടപാടുകള്‍ നടത്തിയതും വൻ വിവാദമായിരുന്നു.

Exit mobile version