Site icon Malayalam News Live

കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയി; പിന്നീട് തിരിച്ച്‌ വന്നില്ല; സംഗീതിനെ കാണാതായിട്ട് രണ്ടാഴ്ച; ദുരൂഹത ആരോപിച്ച്‌ കുടുംബം

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറയില്‍ 23 കാരൻ സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു.

യുവാവിനെ കാണാതായതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ചില സംശയങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

ഒക്ടോബര്‍ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പുറത്തേക്ക് പോയതാണ് സംഗീത് സജി. രാത്രി വൈകിയും തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോണ്‍ എടുത്തില്ല.

ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാൻ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്.
സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു.

എന്നാല്‍ പൊലീസും അഗ്നിരക്ഷാ സേനയും ദിവസങ്ങളോളം തിരഞ്ഞങ്കിലും ഒരുസൂചയും കിട്ടയില്ല. ബന്ധുക്കള്‍ക്ക് സംശയമത്രയും പ്രദീപിനെയാണ്. എന്നാല്‍ സംഗീതിനെ പെട്ടെന്ന് കാണാതായെന്നും എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും ഉറപ്പിച്ചുപറയുകയാണ് പ്രദീപ്.

ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇടയ്ക്ക് സംഗീത് പറഞ്ഞിരുന്നതായും, പ്രദീപ് പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സംഗീതിന്‍റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version