Site icon Malayalam News Live

‘ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി’; വിമര്‍ശനവുമായി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: എന്‍ഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍.

ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു.

സ്നേഹ സംഗമത്തിന് പോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച്‌ മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

2026 ലും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കോണ്‍ഗ്രസ് എവിടെയാണുള്ളത്?. മുഖ്യമന്ത്രിയെ ചിലര്‍ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തില്‍ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി.

ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ച കൊണ്ടാണ് വൻ ഭൂരിപക്ഷതില്‍ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാൻ അടക്കം ശ്രമം നടത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വൻ ജയം നേടും മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കുന്നു വന്നും സജി ചെറിയാൻ പറഞ്ഞു.

Exit mobile version