Site icon Malayalam News Live

വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കും; പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നെന്ന് മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്താറില്ലെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല നിര്‍വഹിച്ചിരുന്ന പ്രേംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുകയാണെന്ന മുഖവുരയോടെയാണ് മന്ത്രിയുടെ വിശദീകരണം.

സച്ചിദാനന്ദന്‍ മാഷിന്റെ ആണെങ്കിലും പ്രേംകുമാറിന്റെ ആണെങ്കിലും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം ഈ സര്‍ക്കാരിനില്ലെന്നും മന്ത്രി വിശദമാക്കി. ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. അദ്ദേഹം വൈസ് ചെയര്‍മാനായും രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതും തൃപ്തികരവുമാണ്. എന്നാല്‍, അക്കാദമി ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത് എന്നാണ് മന്ത്രി വിശദമാക്കുന്നത്. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നതില്‍ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്നതാണ്. അദ്ദേഹത്തിന് ഈ കാര്യത്തില്‍ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ അത് സംസാരിച്ച് പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version