Site icon Malayalam News Live

സാബുവിന്റെ ആത്മഹത്യ: ജീവനക്കാര്‍ മോശമായി പെരുമാറിയെങ്കില്‍ നടപടിയെന്ന് സൊസൈറ്റി പ്രസിഡന്റ്

കട്ടപ്പന: സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാതെ ജീവനൊടുക്കിയ സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എം ജെ വർഗീസ് പറഞ്ഞു.

മോശം പെരുമാറ്റമുണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം ഉറപ്പുനല്‍കി. അടിമേടിക്കേണ്ട സമയം കഴിഞ്ഞുവെന്നും പണിതരാം എന്നും സി പി എം കട്ടപ്പന ഏരിയ മുൻ സെക്രട്ടറി വി ആർ സജി ഫോണിലൂടെ സാബുവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.

ജീവനക്കാരുടെ പെരുമാറ്റത്തിനെതിരായ ആരോപണങ്ങളടക്കം അന്വേഷിച്ച്‌ നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

‘സഖാവേ, എന്റെ വൈഫ് യൂട്രസുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. എനിക്ക് ഉടനെ രണ്ട് ലക്ഷം രൂപ വേണം. സൊസൈറ്റിയില്‍ ചെന്നപ്പോള്‍ ബിനോയ്‌ എന്നെ പിടിച്ച്‌ തള്ളി പ്രശ്നം ഉണ്ടാക്കി’ എന്ന് സജിയോട് സാബു പറഞ്ഞപ്പോഴായിരുന്നു ഭീഷണിപ്പെടുത്തല്‍.

‘നിങ്ങള്‍ക്ക് ഈ മാസത്തെ പൈസ തന്നിട്ട് നിങ്ങള്‍ അവരെ പിടിച്ചു തള്ളി വിഷയം ഉണ്ടാക്കേണ്ട കാര്യമില്ല. ഇതറിഞ്ഞിട്ട് മിണ്ടാണ്ടിരിക്കുന്നതാണ്. നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് പണി അറിയാഞ്ഞിട്ടാണ്. പണി മനസ്സിലാക്കി തരാം’ എന്നായിരുന്നു സജിയുടെ ഭീഷണി.

Exit mobile version