ഡൽഹി: യുവതിപ്രവേശന വിധിക്ക് പിന്നാലെ ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി.
യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു.
നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തില്‍ പരാജയപ്പെട്ടതെന്ന് ഇന്ദിര ജയ്സിങ്ങ് പറഞ്ഞു.
ഭരണഘടനാ ബഞ്ചില്‍ പത്താം ദിവസം പൂർത്തിയായത് യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ് സിങ്ങിൻ്റെ വാദം.
ശബരിമല വിധിക്ക് പിന്നാലെ മലകയറിയ ബിന്ദു അമ്മിണിക്കും കനക ദുർഗയ്ക്കും വേണ്ടിയാണ് താൻ വാദിക്കുന്നതെന്ന് ഇന്ദിര ജയ് സിങ്ങ് വ്യക്തമാക്കിയപ്പോഴാണ് ഇരുവരും യഥാർത്ഥ വിശ്വാസികളാണോ എന്ന് ബെഞ്ചിലെ ഏകവനിത ജഡ്ജി ചോദ്യം ഉന്നയിച്ചത്. രണ്ടു പേരും ഹിന്ദുക്കളാണ്. സർക്കാരിന്റെ സഹായത്തോടെയാണ് മലകയറിയത്. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ വലിയ അതിക്രമം ഉണ്ടായി.
ബിന്ദു അമ്മണി കേരളം വിട്ടു. കനകദുർഗയെ കുടുംബം പുറത്താക്കി. ഈ രണ്ടു പേർക്ക് ശേഷം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കേരള സർക്കാർ അനുവദിച്ചില്ലെന്ന് അഭിഭാഷക വാദിച്ചു.10 വയസ് മുതല്‍ 50 വരെയുള്ള വിശ്വാസികള്‍ മലകയറാൻ താല്‍പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. യഥാർത്ഥ ഭക്തർ കാത്തിരിക്കാൻ തയ്യാറാണെന്നും നാഗരത്ന നീരീക്ഷിച്ചു.
