Site icon Malayalam News Live

ശബരിമല തീര്‍ത്ഥാടനത്തിന് പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്ക് 19 മുതല്‍ സര്‍വീസ് ആരംഭിക്കും: ജനുവരി 14വരെ ഒൻപത് സര്‍വീസുകള്‍

ബംഗളൂരു: ശബരിമല തീര്‍ത്ഥാടനകാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.

ഈ മാസം 19 മുതല്‍ ജനുവരി 14വരെ ഒൻപത് സര്‍വീസുകള്‍ പ്രത്യേകമായി ഉണ്ടാകും. എസ്‌എസ്‌എസ് ഹുബ്ബള്ളി- കോട്ടയം-എസ്‌എസ്‌എസ് ഹുബ്ബള്ളി പ്രതിവാര പ്രത്യേക ട്രെയിനാണ് സര്‍വീസ് നടത്തുന്നത്.

എസ്‌എസ്‌എസ് ഹുബ്ബള്ളിയില്‍ നിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12ന് കോട്ടയത്തെത്തും. തിരിച്ച്‌ കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് ഹുബ്ബള്ളിയിലെത്തും.

ഹാവേരി, റണെബെന്നുര്‍, ഹരിഹര്‍, ദാവണഗെരെ, ബിരുര്‍, അര്‍സിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്‌എംവിടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Exit mobile version