Site icon Malayalam News Live

ശബരിമല ദര്‍ശനം; സ്പോട്ട് ബുക്കിംഗ് ഇരുപതിനായിരമായി നിജപ്പെടുത്തും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ സ്പോട് ബുക്കിംഗ് 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണ ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ പ്രവർത്തനക്ഷമമാക്കും.

 

ക്യൂ കോംപ്ലക്സില്‍ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനില്‍ക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളില്‍ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.

 

പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും ഇതിനായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും.

 

ക്യൂ നില്‍ക്കുമ്പോള്‍ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കില്‍ ഭക്തർക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നല്‍കും.

Exit mobile version