Site icon Malayalam News Live

ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും; ഏഴ് വിഭവങ്ങൾ ഉണ്ടാകും, ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക

തിരുവനന്തപുരം: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.

 

ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

 

“പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്,” കെ ജയകുമാർ വിശദീകരിച്ചു.

 

സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറി നൽകും. മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച്ച ആകുമ്പോൾ തീർത്ഥാടനം സുഗമമായ നിലയിൽ പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Exit mobile version