പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നല്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
എൻഡിആർഎഫ് അറക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് ഗെയ്ക്വാദും സന്നിധാനം സ്പെഷ്യല്‍ ഓഫീസർ എസ് മധുസുദനനും ചേർന്ന് ഇരുവർക്കും യൂണിഫോമില്‍ ഔദ്യോഗിക ചിഹ്നം പതിച്ചു നല്കി.
എറണാകുളം സ്വദേശി അജേഷിനും മഹാരാഷ്ട്ര സത്താര സ്വദേശി നവലെ കിരണിനുമാണ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അജീഷിന് 15 വർഷവും കിരണിന് 17 വർഷവുമാണ് സർവ്വീസ് ഉള്ളത്.
ഇരുവരും സിഐഎസ്എഫില്‍ നിന്നാണ് ദുരന്ത നിവാരണ സേനയില്‍ എത്തിയത്. അജേഷ് കഴിഞ്ഞ 45 ദിവസവമായി സന്നിധാനത്ത് സേവനത്തിലുണ്ട്. കിരണ്‍ ഡിസംബർ 20നാണ് സന്നിധാനത്ത് ഡ്യൂട്ടി ആരംഭിച്ചത്.
കേരള പൊലീസ് അസിസ്റ്റൻറ്റ് കമ്മിഷണർ ഹരീഷ് ജെയിൻ ഐ.പി എസ്, എൻഡിആർഎഫ് ഇൻസ്പെക്ടർ അലോക് കുമാർ ശുക്ല, എൻഡിആർഎഫ് സേനാഗങ്ങള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
