മകരവിളക്ക് മഹോത്സവത്തിനായി നാളെ ശബരിമല നട വീണ്ടും തുറക്കും. നാളെ വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു. ജനുവരി 14ആം തീയതിയാണ് മകരവിളക്ക് ദർശനം.
അതേസമയം മണ്ഡലകാലപൂജയ്ക്കായി ശബരിമല ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുൽമേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്. കഴിഞ്ഞ വർഷം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.
