Site icon Malayalam News Live

മണ്ഡലപൂജക്ക് ഒരുങ്ങി ശബരിമല; ആറന്മുളയില്‍ നിന്ന് തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു; ബുധനാഴ്ച പമ്പയിലെത്തും; വ്യാഴാഴ്ച ഉച്ചക്ക് മണ്ഡല പൂജ

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു.

ശരണം വിളികള്‍ മുഴങ്ങി ഭക്തിസാന്ദ്ര അന്തരീക്ഷത്തില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് തിരുവിതാംകൂർ മഹാരാജാവ് നടക്കുവെച്ച തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടത്.
ഘോഷയാത്രക്ക് 29 ഇടങ്ങളില്‍ സ്വീകരണം നല്‍കും.

ബുധനാഴ്ച ഉച്ചയോടെ ഘോഷയാത്ര പമ്പയിലും വൈകിട്ട് ആറിന് സന്നിധാനത്തും എത്തും. തുടർന്ന് വൈകിട്ട് ആറരക്ക് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.

മണ്ഡലകാല ഉത്സവത്തിലെ പ്രധാന ചടങ്ങായ മണ്ഡലപൂജ 26ന് ഉച്ചക്ക് 12നും 12.30നും മധ്യേ നടക്കും. തുടർന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിനങ്ങള്‍ നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും.

Exit mobile version