Site icon Malayalam News Live

ശബരിമല മകരവിളക്ക്; ഇന്ന് വൈകുന്നേരം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ല

പത്തനംതിട്ട: മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.

വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടില്‍ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണമെന്ന് കളക്ടർ അറിയിച്ചു.

അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ യാത്ര ചെയ്യാം.

മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനം വകുപ്പും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് കരുതല്‍ നടപടിയെന്നും എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

Exit mobile version